തിരുവല്ലയിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളി. ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നു യുവാവ് പോലീസിന് മൊഴി നൽകി. മണ്ണ് കടത്തുകാർ തമ്മിലെ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജെസിബി ഡ്രൈവറായ തൃശ്ശൂർ മണ്ണുത്തി സ്വദേശി ശരതിനാണ് ക്രൂരമർദ്ദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ പായിപ്പാട് തിരുവല്ല റോഡിൽ വെച്ച് ശരത് സഞ്ചരിച്ചിരുന്ന കാർ ഗുണ്ടാസംഘം തടഞ്ഞുനിർത്തി. അതേ കാറിൽ പിന്നീട് യുവാവുമായി സംഘം കടന്നുകളഞ്ഞു. ക്രൂര മർദ്ദനത്തിനൊടുവിൽ പോലീസ് പിടികൂടുമെന്നായപ്പോൾ പുലർച്ചെ കവിയൂർ മാകാട്ടി കവലയിലെ കടത്തിണ്ണയിൽ തള്ളി. ശരത്തിന്റെ കാർ അടിച്ചുതകർത്തു. യുവാവിനെ വഴിയിൽ തള്ളി രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടസംഘത്തെ പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. പോലീസ് വാഹനം ഇടിച്ചുമാറ്റിയാണ് പ്രതികൾ മറ്റൊരു വാഹനത്തിൽ സ്ഥലംവിട്ടത്. ഗുണ്ടാസംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് തിരുവല്ല പോലീസ് അറിയിച്ചു.
Gundailayattam in Thiruvalla, Pathanamthitta